‘പൂച്ചെണ്ടുകള്‍ക്ക് പകരം ഒരു പുസ്തകം തരൂ’ : മാതൃകാ പ്രഖ്യാപനവുമായി ടി.എന്‍ പ്രതാപന്‍ എം.പി

പൊതുചടങ്ങുകളിൽ ബൊക്കെകൾക്കും സമ്മാനങ്ങൾക്കും പകരം തനിക്ക് പുസ്തകങ്ങൾ മതിയെന്ന മാതൃകാപരമായ പ്രഖ്യാപനവുമായി തൃശൂർ എം.പി ടി.എൻ പ്രതാപൻ. അടുത്ത 5 വർഷകാലം എം.പി എന്ന നിലയിൽ പങ്കെടുന്ന പരിപാടികളിൽ നിന്ന് ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് തന്‍റെ ജന്മനാട്ടിൽ വായശാല ഒരുക്കാനാണ് ടി.എൻ പ്രതാപൻ എം.പിയുടെ പദ്ധതി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയപ്പോളാണ് ഇത്തരത്തിലൊരു തീരുമാനം എം.പി പ്രഖ്യാപിച്ചത്.

വായനയും വായനശാലകളും അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലൊരു മാതൃകാപരമായ പ്രഖ്യാപനവുമായി തൃശൂർ എം.പി ടി.എൻ പ്രതാപൻ രംഗത്തെത്തിയത്. പൊതുചടങ്ങുകളിൽ തനിക്ക് ബൊക്കെകളും മൊമെന്‍റോകളും ഷാളുകളും നൽകുന്നതിന് പകരം പുസ്തകം നൽകിയാൽ മതിയെന്ന നിലപാടിലാണ് ടി.എൻ പ്രതാപൻ. അടുത്ത 5 വർഷക്കാലം എം.പി എന്ന നിലയിൽ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ നിന്ന് ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് തന്‍റെ ജന്മനാടായ തളിക്കുളം സ്നേഹതീരത്തെ പ്രിയദർശിനി സ്മാരക സമിതിയിൽ ഒരു വായശാല ഒരുക്കാനാണ് എം.പിയുടെ പദ്ധതി.

ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന സമ്മാനങ്ങളും ബൊക്കെകളും വിലയേറിയതാണ്. എന്നാൽ അവയ്ക്കൊക്കെ ആയുസ് കുറവാണെന്നും പുസ്തകങ്ങൾ തലമുറകൾക്ക് പ്രയോജനകരമാവുമെന്നും എം.പി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയശേഷം തന്നെ പ്രതാപൻ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ശേഷം നാട്ടിലെത്തിയപ്പോളാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയാണ് ടി.എന്‍ പ്രതാപന്‍ പ്രഖ്യാപനം നടത്തിയത്. എന്തായാലും ടി.എന്‍ പ്രതാപന്‍ എം.പിയുടെ മാതൃകാ നടപടിക്ക് പൂര്‍ണപിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നത്.

T.N Prathapan MPbooks
Comments (0)
Add Comment