ഈ ഓലപ്പാമ്പ് കണ്ട് ആരും കുനിയില്ല, ഷൂ നക്കില്ല ; തരൂരിനൊപ്പം ; കേന്ദ്രത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പി

 

തിരുവനന്തപുരം : ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത യുപി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടി.എന്‍ പ്രതാപന്‍ എം.പി രാജ്യത്തെ ഭരണകൂടം എത്രമേല്‍ ഏകാധിപത്യപരമായിട്ടാണ് വാഴുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവമെന്നും സ്വതന്ത്ര ചിന്തകരെയും, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരു സംഘപരിവാർ ഭരണകൂടത്തിന് ദഹിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് യു.പി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ത്യയുടെ അഭിമാനമായ പാർലമെന്റേറിയൻ ഡോ. ശശി തരൂർ, മുതിർന്ന മാധ്യമ പ്രവർത്തകരായ രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡേ തുടങ്ങിയവർക്കെതിരെ രാജദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ് നോയിഡ പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണത്രെ കേസിനാധാരം.

ഈ രാജ്യത്തെ ഭരണകൂടം എത്രമേൽ ഏകാധിപത്യപരമായിട്ടാണ് വാഴുന്നത് എന്നതിന്റെ ഈ രാത്രിയിൽ ഒടുവിൽ നമുക്ക് ലഭിക്കുന്ന ഒരുദാഹരണമാണ് ഈ വാർത്ത. സ്വതന്ത്ര ചിന്തകരെയും, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും അല്ലെങ്കിലും ഒരു സംഘപരിവാർ ഭരണകൂടത്തിന് ദഹിക്കില്ലല്ലോ.

ഒന്നേ പറയാനുള്ളൂ: ഈ ഓലപ്പാമ്പ് കൊണ്ട് ഇവിടെ ആരും കുനിയില്ല, ഷൂ നക്കില്ല. എണീച്ചു പോകണം മിസ്റ്റർ

 

https://www.facebook.com/tnprathapanonline/photos/a.552709648253009/1573473549509942

Comments (0)
Add Comment