അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരി പീഡനത്തിനിരയായി; കുറ്റം സമ്മതിച്ച് അറസ്റ്റിലായ ബന്ധു

Jaihind News Bureau
Thursday, May 22, 2025

 

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയുടെ മരണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 3വയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ച് പൊട്ടിക്കരയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത ബന്ധുവിന്റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഈ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. അമ്മ സന്ധ്യയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് സന്ധ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് സന്ധ്യ പൊലീസിന് നല്‍കുന്നത്.