ശബരിമലയുവതീപ്രവേശം: റിട്ട് ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും

Jaihind Webdesk
Saturday, November 3, 2018

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കില്ല. ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പുനഃപരിശോധനാഹര്‍ജികള്‍ സാധാരണയായി ഭരണഘടനാബെഞ്ചാണ് പരിഗണിക്കുന്നത് എന്നിരിക്കെയാണ് ശബരിമല യുവതീപ്രവേശന വിഷയം പുതിയ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തേ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിശോധിക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതലപ്പെടുത്തി.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ സ്വാഗതം ചെയ്ത കെ.കെ വേണുഗോപാല്‍ യുവതീപ്രവേശത്തിന് എതിരെ പരസ്യ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. യുവതീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടിയും കോടതിയില്‍ നേരത്തേ കെ.കെ വേണുഗോപാല്‍ ഹാജരായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ നിലവിലുള്ളത്.