മുഖ്യമന്ത്രിയില്‍ നിന്ന് ഭീഷണി; കേന്ദ്ര സുരക്ഷ ഒരുക്കണം: ഹർജിയുമായി സ്വപ്ന

Jaihind Webdesk
Monday, June 13, 2022

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. തനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയില്‍ നിന്നടക്കമുണ്ടാകുന്നതായി സ്വപ്ന ആരോപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ നിശബ്ദയാക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വന്‍ സംഘത്തിന്‍റെ അന്വേഷണം നടക്കുന്നതായി സ്വപ്ന കുറ്റപ്പെടുത്തി.  തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാന്‍ ശ്രമം നടക്കുകയാണ്. മുന്‍ വിജിലന്‍സ് ഡയറക്ട‍ര്‍ എം.ആര്‍ അജിത് കുമാര്‍ ഏജന്‍റിനെ പോലെ പ്രവര്‍ത്തിച്ചു. ഇടനിലക്കാരനെ അയച്ച്‌ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. താമസിക്കുന്ന ഇടങ്ങളിലടക്കം പോലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പോലീസിനെ പിന്‍വലിക്കണമെന്നും സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടു.

പോലീസ് സംരക്ഷണം വേണമെന്ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച സ്വപ്‍നാ സുരേഷ്, പോലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വ്യക്തികള്‍ക്ക് കേന്ദ്ര സുരക്ഷ നല്‍കുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി ഉത്തരവുണ്ടെങ്കില്‍ സുരക്ഷ നല്‍കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്നുമാണ് ഇഡി കോടതിയില്‍ മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.