പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡന്‍ എം.പി നയിച്ച ലോംഗ് മാർച്ചില്‍ അണിനിരന്ന് ആയിരങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കലാപകാരികളായിട്ടാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. പൗരത്വ നിയമത്തെ തുടർന്ന് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ന് ഇന്ത്യ തല കുനിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂട ഭീകരതക്കെതിരെ ഹൈബി ഈഡൻ എം.പി കൊച്ചിയിൽ നടത്തിയ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.കെ ശിവകുമാർ. രാജ്യത്തിന് വേണ്ടി രക്തം കൊടുത്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂനപക്ഷങ്ങൾക്ക്  രാജ്യത്തോട്  വിധേയത്വം ഇല്ല എന്ന് വരുത്തിത്തീർക്കാൻ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്നും, പൗരത്വ നിയമത്തിന്‍റെ പേരിൽ രാജ്യത്തു നിന്നും ഒരു മുസ്ലീമിനേയും പുറത്താക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാർ പറഞ്ഞു. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ജനങ്ങളെ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അർബൻ നക്സലൈറ്റുകൾ എന്നു വിളിച്ചതിന് മോദി മാപ്പ് പറയണമെന്നും ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡൻ എം.പി യുടെ നേതൃത്വത്തിൽ  നടത്തിയ ലോoഗ് മാർച്ചിന്‍റെ, ഫോർട്ട് കൊച്ചിയിൽ നടന്ന സമാപന സമ്മേളനം D.K ശിവകുമാർ ഉദ്ഘാടനം ചെയ്തു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം, സി.പി.എം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് സമാപന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. നേരത്തെ ടൗൺ ഹാളിൽ വെച്ച് ജസ്റ്റിസ് കെമാൽ പാഷ, പ്രൊഫ. എം.കെ സാനു എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറിയതോടെയാണ് ലോംഗ് മാർച്ചിന് തുടക്കമായത്. എം.എല്‍.എമാരായ വി.ഡി സതീശൻ, പി.ടി തോമസ്, ടി.ജെ വിനോദ് എന്നിവർ ഹൈബി ഈഡനൊപ്പം ലോംഗ് മാർച്ചിന്‍റെ മുൻനിരയിലുണ്ടായിരുന്നു. നൂറുകണക്കിന് പ്രവർത്തകർ ദേശീയ പതാകയുമേന്തി ലോംഗ് മാർച്ചിൽ പങ്കെടുത്തു. ടൗൺ ഹാളിൽ നിന്നും ഫോർട്ട് കൊച്ചി വരെയുള്ള 16 കിലോമീറ്റർ യാത്രക്കിടെ ആയിരക്കണക്കിന് പേരാണ് റോഡിന് ഇരുവശവും നിന്ന് ലോംഗ് മാർച്ചിന് അഭിവാദ്യം അർപ്പിക്കാനെത്തിയത്.

hibi eden MP
Comments (0)
Add Comment