മിഷേലിന്‍റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാതാപിതാക്കള്‍

Thursday, January 4, 2024

 

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി മിഷേലിന്‍റെ മാതാപിതാക്കൾ. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് മാതാപിതാക്കള്‍. പിറവം മ‍ണ്ഡലത്തിൽ നടന്ന നവകേരള സദസിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മിഷേലിന്‍റെ ദുരൂഹ മരണത്തിന് ഏഴു വർഷം തികയുമ്പോഴാണ് തങ്ങളുടെ മകളുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും രാഷ്ട്രീയ ഇടപെടലുണ്ടായെന്നും മിഷേലിന്‍റെ കുടുംബം വിശ്വസിക്കുന്നു.

2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിന്‍റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ചും മിഷേലിന്‍റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. മിഷേലിന്‍റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇത് അംഗീകരിക്കുന്നില്ല. മകളെ ആരൊക്കെയോ ചേര്‍ന്ന് വക വരുത്തിയതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പിതാവ് ഷാജി വര്‍ഗീസും കുടുംബവും കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

2017 മാര്‍ച്ച് അഞ്ചിന് വൈകിട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയിലേക്കു പോയ മിഷേല്‍ 6.15 ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മിഷേലിന്‍റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് ഷാജി പറയുന്നു.

മിഷേലിന്‍റെ മരണം ആത്മഹത്യയാണെന്ന് പറയുമ്പോഴും സ്വാഭാവിക സംശയങ്ങള്‍ക്കുപോലും വ്യക്തമായ മറുപടി നല്‍കാന്‍ പോലീസിന് കഴിയുന്നില്ലെന്ന് കുടുംബം പറയുന്നു.  ഒന്നാം ഗോശ്രീ പാലത്തിൽനിന്നാണ് മിഷേൽ ചാടിയതെന്ന കഥയാണ് പോലീസ് ആദ്യ പറഞ്ഞത്. എന്നാൽ ഒരാൾ പൊക്കത്തിൽ പോലും വെള്ളമില്ലാത്ത സ്ഥലത്തു വീണാൽ എങ്ങനെ മരിക്കുമെന്നു ചോദിച്ചപ്പോൾ കഥ മാറ്റുകയായിരുന്നു. വെള്ളത്തിൽ മുങ്ങി മരിച്ചതിന്‍റെ യാതൊരു ലക്ഷണവും മിഷേലിന്‍റെ മൃതദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഷാജി പറഞ്ഞു. മരണത്തിനു മുമ്പ് മിഷേല്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും കുടുംബം പറയുന്നു.