തിരുവനന്തപുരം വിമാനത്താവള വില്‍പന കേരളത്തോടുള്ള വെല്ലുവിളി : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന നടപടി ഒരിക്കലും അനുവദിക്കാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാർ നടപടി കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളും അദാനിക്ക് കൈമാറുന്നുണ്ട്. അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങള്‍ നേരത്തെ നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല മൊത്തത്തില്‍ അദാനിക്ക് അടിയറവ് വെക്കുകയാണ് ചെയ്യുന്നത്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നല്‍കരുതെന്ന കേന്ദ്ര ധനകാര്യവകുപ്പിന്‍റെയും നീതി ആയോഗിന്‍റെയും വ്യക്തമായ മാര്‍ഗനിര്‍ദേശം മറികടന്നുകൊണ്ടാണ് വിമാനത്താവളങ്ങള്‍ വ്യോമയാന രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് നല്‍കിയത്. ഇതിന് പിന്നാലെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങള്‍ കൂടി വില്‍ക്കാന്‍ നീക്കമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യവത്ക്കരണ നടപടി നേരത്തെ ആരംഭിച്ചിട്ടും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെറുവിരല്‍ പോലും അനക്കിയില്ല. പിന്നീട് ലേലത്തില്‍ പങ്കെടുത്തു എന്നുവരുത്തി പരാജയപ്പെടുകയും ചെയ്തു. ഇതിനെതിരെ ജനരോഷം ഇരമ്പിയപ്പോഴാണ് സര്‍ക്കാര്‍ തിരുത്താന്‍ തയാറായത്. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിലും സംസ്ഥാന സര്‍ക്കാന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment