കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനായി തിരുനെല്ലിയിൽ എല്ലാ ക്രമീകരണങ്ങളും തയാറായി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്.പി.ജി ഉദ്യോഗസ്ഥർ ക്ഷേത്രവും പരിസരവും താൽക്കാലിക ഹെലിപാഡായ തിരുനെല്ലി എസ്.എ.എൽ.പി സ്കൂളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിൽ ക്ഷേത്ര ദർശനത്തിനായി എത്തുന്ന മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുനെല്ലിയിൽ എല്ലാ ക്രമീകരണങ്ങളും തയാറായതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്.പി.ജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. പി.ഡബ്ല്യു.ഡി, വനം വകുപ്പ്, റവന്യൂ, ഭക്ഷ്യ സുരക്ഷ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് അധികാരികളും യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്.പി.ജി ഉദ്യോഗസ്ഥർ ക്ഷേത്രവും പരിസരവും താൽക്കാലിക ഹെലിപാഡായ തിരുനെല്ലി എസ്.എ.എൽ.പി സ്കൂളും സന്ദർശിച്ചു. കൂടാതെ റസ്റ്റ് ഹൗസിൽ രാഹുല്‍ ഗാന്ധിയുടെ വിശ്രമം, ക്ഷേത്ര ദർശനം, പ്രസാദം, നിവേദ്യം തുടങ്ങിയ കാര്യങ്ങൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദന്‍, ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു, ശ്രീ തിരുനെല്ലി ദേവസ്വം ട്രസ്റ്റി കേശവദേവ് എന്നിവരുമായി സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം വകുപ്പ് ഉദ്യോസ്ഥർക്കടക്കം പ്രവേശന പാസ് നൽകിയെങ്കിലും എസ്.പി.ജി ഉദ്യോഗസ്ഥരുടെ അനുവാദം ലഭിച്ചിട്ടും മാധ്യമ പ്രവർത്തകരെ മാത്രം പോലീസ് വിലക്കിയതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.