ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി; കണ്ടെത്തിയത് തൊടുപുഴയില്‍ നിന്ന്

Jaihind News Bureau
Wednesday, May 28, 2025

ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്.

മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി പോലും മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതിയ കുട്ടി പരീക്ഷാ സമയം തീരുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. 2.30ക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് എത്തേണ്ട കുട്ടിയെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.