
എറണാകുളം: തേവര കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനായ ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മരിച്ച സ്ത്രീ ലൈംഗിക തൊഴിലാളിയാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെ മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് (ഹരിതകര്‍മ്മ സേനാംഗങ്ങള്‍) ഭാഗികമായി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപം മതിലില്‍ ചാരി ഉറങ്ങുന്ന നിലയില്‍ പ്രതിയായ ജോര്‍ജിനെയും കണ്ടെത്തി. പോലീസെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് വീട് പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ജോര്‍ജിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, കൈയില്‍ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ചാക്കിലാക്കി റോഡില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് കുഴഞ്ഞുവീണ് ഉറങ്ങിപ്പോകുകയായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജോര്‍ജ് കുറച്ചുകാലമായി ഇവിടെ താമസിക്കുന്നുണ്ടെന്നും ഇയാള്‍ പ്രായമായവരെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നതെന്നും അയല്‍വാസികള്‍ മൊഴി നല്‍കി.