സംസ്കാരം ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷം പോലെ; ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല

Jaihind Webdesk
Wednesday, July 19, 2023

തിരുവനന്തപുരം: ജനനായകന്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷം ബഹുമതികള്‍ വേണ്ട എന്നുള്ളതാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്താനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതു കത്തായി സര്‍ക്കാരിന് നല്‍കി.

അതേസമയം ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ എടുത്തത്. ഉമ്മന്‍ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോട സ്മരിക്കുന്നതായും വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്, അവര്‍ക്കൊപ്പമാണ് ജനനേതാവായ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന പ്രമേയത്തില്‍ മന്ത്രിസഭായോഗം അനുസ്മരിച്ചു.

കേരളക്കര ഇന്നേവരെ കാണാത്ത തരത്തിലുള്ള വിടപറയലുകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹത്തെ ഒരുനോക്കു കാണാന്‍ കനത്ത മഴയിലും എംസി റോഡ് തിങ്ങി നിറഞ്ഞ ജനസാഗരമാണ്. നാളെ ഉച്ച കഴിഞ്ഞ് 3.30നാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ സംസ്‌കാരം.