ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ട്; കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

Jaihind Webdesk
Friday, April 8, 2022

 

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപ് പലദിവസങ്ങളില്‍ കണ്ടതായി വിവരങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചുവെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അവസാനമായി ഉപയോഗിച്ചിരിക്കുന്നത് 2017 ഫെബ്രുവരി 18 എന്നത് 2018 ഡിസംബര്‍ 13 എന്നായിട്ടാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യണം. ദിലീപ് അടക്കമുള്ളവര്‍ ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ച്‌ കളയുന്നതിനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ദിലീപും സഹോദരി ഭര്‍ത്താവ് സുരാജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ദിലീപിന്‍റെ വീടിന് സമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്. ദിലീപിന്‍റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. നിലവില്‍ ലഭിച്ച തെളിവുകളില്‍ നിന്ന് ബാലചന്ദ്രകുമാര്‍ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്ന് വ്യക്തമാണെന്നാണ് അന്വേഷണസംഘം പറയുന്നത്.

അതേ സമയം ദിലീപിന്‍റെ സഹോദരീ ഭർത്താവ് സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നല്‍കിയത്. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.