‘ഷുക്കൂറിനെ വധിച്ചത് ഗൂഢാലോചനയ്ക്ക് ശേഷം, തെളിവുകള്‍ ഉണ്ട്; നീതി ലഭിച്ചതിൽ സന്തോഷം’: പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Thursday, September 19, 2024

 

എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിടുതൽ ഹര്‍ജികൾ തള്ളിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടതിയിൽ നിന്ന് നീതി ലഭിച്ചതിൽ സന്തോഷമെന്നും ഷുക്കൂറിനെ വധിച്ചത് ഗൂഢാലോചനയ്ക്ക് ശേഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു പിഞ്ചുബാലനായിരുന്ന  ഷുക്കൂറിനെ ഗൂഢാലോചന നടത്തി വധിക്കാൻ വിചാരിച്ചത് തന്നെ ക്രൂരതയാണ്. ഗൂഢാലോചന നടത്തിതന്നെയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. അതിന് തെളിവുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹര്‍ജികളാണ് പ്രത്യേക സിബിഐ കോടതി തള്ളിയത്. ഇരുവർക്കും എതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.