സപ്ലൈകോയെ തഴഞ്ഞ് സർക്കാർ; സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങളില്ല, ദുരിതത്തിലായി ജനം

Jaihind Webdesk
Friday, October 27, 2023

 

തിരുവനന്തപുരം: സപ്ലൈകോ സ്റ്റോറുകളിൽ പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങൾ ലഭ്യമാകാത്തത് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് ഇരുട്ടടി ആകുന്നു. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിൽ പോലും എല്ലാ സബ്സിഡി ഇനങ്ങളുമില്ലാത്ത സ്ഥിതിയാണിപ്പോൾ.

ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അടിക്കടി മിന്നൽ പരിശോധനകളും അവകാശ വാദങ്ങളും നടത്തുന്നുണ്ടെങ്കിലും സ്വന്തം മണ്ഡലത്തിലെ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ നിലവിൽ മൂന്ന് സസ്ബിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറിൽ 5 ഇന സാധനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതോടെ പ്രതിദിനം 7 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഇവിടത്തെ വിൽപ്പന മൂന്നിലൊന്നായി ഇടിഞ്ഞു. ഗ്രാമീണ മേഖലയിലെ സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി സാധനങ്ങൾ ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. ഇവിടൊക്കെ പഞ്ചസാരയും വന്‍പയറും വന്നിട്ട് രണ്ടു മാസമായി. വരുന്ന സാധനങ്ങളുടെ അളവ് നാലില്‍ ഒന്നായി കുറഞ്ഞു കഴിഞ്ഞു.

സപ്ലൈകോയുടെ സ്ഥിരം കരാറുകാര്‍ക്ക് 600 കോടി രൂപയാണ് കുടിശിക ഇനത്തില്‍ നൽകാനുള്ളത്. പണം നല്‍കാതെ ഏങ്ങനെ സാധനങ്ങള്‍ എത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളുടെ വരുമാനത്തിലും വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതിനിടയിൽ 13 സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്. ഇതിനുപുറമെ 20 മുതല്‍ 30 ശതമാനം വരെ വില കുറച്ച് ഫ്രീ സെയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 28 ഉല്‍പന്നങ്ങളുടെ വില കൂട്ടണമെന്ന ആവശ്യവും സപ്ലൈകോ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഉടനടി ഒരു തീരുമാനം എടുക്കില്ല. കോടികൾ ചിലവഴിച്ച് സർക്കാർ വിലാസം ധൂർത്തുകള്‍ തുടരുമ്പോഴും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സപ്ലൈകോയ്ക്ക് ജീവവായു നൽകുന്നതിനുള്ള സഹായം പോലും സർക്കാർ അനുവദിക്കുന്നില്ല എന്നതാണ് വിചിത്രം.