തട്ടുകടയിലെ തർക്കം അവസാനിച്ചത് കൊലപാതകത്തില്‍; തോക്കിന്‍ മുനയില്‍ പൊലിഞ്ഞത് നിരപരാധിയുടെ ജീവന്‍; ഒരാളുടെ നില ഗുരുതരം

Jaihind Webdesk
Sunday, March 27, 2022

ഇടുക്കി : മൂലമറ്റത്ത് തട്ടുകടയിലെ തർക്കത്തെ തുടർന്ന് യുവാവ് നാട്ടുകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ബസ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഇരട്ടതിര നിറയ്ക്കാന്‍ കഴിയുന്ന വ്യാജ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഫിലിപ്പ് പൊലീസ് കസ്റ്റഡിയിലാണ്.

തട്ടുകടയില്‍ ഭക്ഷണം തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ പിന്നാലെയാണ് നാടിനെ നടുക്കിയ വെടിവെപ്പുണ്ടായത്. തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയിൽ കടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു. ഇവിടെ നിന്നും പോയ പ്രതി ഹൈസ്കൂൾ ജംഗ്ഷനിലെത്തിയപ്പോൾ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനും കൂട്ടുകാരനെയും വെടിവെച്ചു. ഇരുവർക്കും തട്ടുകടയുമായി ഒരു ബന്ധവുമില്ല. ഗുരുതരമായി പരിക്കേറ്റ സനല്‍ മണത്തിന് കീഴടങ്ങുകയായിരുന്നു.

തുടർന്ന് വാഹത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച തോക്ക് 2014 ൽ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിർമ്മിപ്പിച്ചതാണെന്നാണ് വിവരം. കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ അമ്മയുടെ സഹോദര പുത്രനാണ് കൊല്ലപ്പെട്ട സനല്‍. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തി നാലുകാരനായ സനൽ.
അതേസമയം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രദീപ് ഗുരുതരാവസ്ഥയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സനലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.