സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവർഷം ശക്തമാകും: 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Sunday, June 11, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവർഷം ശക്തമാകും. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം അതിശക്തമായ ന്യൂന മര്‍ദ്ദമായി മാറുമെന്നും, അറബിക്കടലില്‍ ശക്തി പ്രാപിച്ച ബിപോര്‍ജിയോ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് വലിയ തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.