കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ആക്രിയാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയില്‍. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
സീറ്റ് ബെൽറ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിക്കുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വിഷയം വിവാദമായത്. മലപ്പുറം സ്വദേശി കെ സുലൈമാന്‍റെ പേരിലുള്ള വാഹനമാണ് ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് 1.05 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ് ഇത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും അടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതിയിൽ മോട്ടോർ വാഹനവകുപ്പ് അറിയിച്ചത്. ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു.