ആദിവാസി യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചില്ല ; കൊവിഡ് ബാധിതയുടെ പ്രസവം ജനറല്‍ വാര്‍ഡില്‍, നവജാതശിശു മരിച്ചു

പാലക്കാട് : കൊവിഡ് ബാധിച്ച ഗർഭിണിയായ ആദിവാസി യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍  നവജാത ശിശു മരിച്ചതായി പരാതി. പാലക്കാട് മാതൃശിശു ആശുപത്രിക്കെതിരെയാണ് ബന്ധുക്കളുടെ പരാതി. യുവതി കൊവിഡ് ബാധിതയായതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

യുവതിയെ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  നഴ്സുമാരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജനറല്‍വാർഡില്‍ കിടന്നാണ് യുവതി പ്രസവിച്ചത്.  ലേബർറൂമിലേക്ക് മാറ്റിയില്ലെന്നും നഴ്സുമാരെ വിവരമറിയിച്ചിട്ട് തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

എന്നാല്‍ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പ്രസവത്തിനു മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ഈ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ടന്‍റ്  ഡോ. പി കെ ജയശ്രീ പറഞ്ഞു.  ആശുപത്രിഡിവൈഎസ്പി സി. ജോൺ സന്ദർശിച്ചു. സ്കാനിംഗ് റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

Comments (0)
Add Comment