രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി

 

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസില്‍ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി.  രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വർമ്മ ഉൾപ്പെടെയുള്ളവരുെടെ സ്ഥാനക്കയറ്റമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്. സ്ഥാനക്കയറ്റ പട്ടിക ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് സ്റ്റേ ഉത്തരവ്.

ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സ്ഥാനക്കയറ്റപ്പട്ടിക ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങൾ പ്രകാരം ജില്ലാ ജഡ്ജി തസ്തികയിൽ 65 ശതമാനം സീറ്റുകളിൽ ജുഡീഷ്യൽ ഓഫീസർമാരുടെ മെറിറ്റിന്‍റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ ഇതു പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മോദി പരാമർശത്തിലെ അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ച, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വർമ്മയെ രാജ്‌കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച തസ്തികയിൽ ചുമതലയേൽക്കരുതെന്ന് ബെഞ്ച് നിർദേശിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Comments (0)
Add Comment