അങ്കണവാടി ജീവനക്കാര്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു.

Jaihind News Bureau
Saturday, March 29, 2025

സെക്രട്ടറിയേറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ധനകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം ശക്തമായി തുടരുകയാണ് തിങ്കളാഴ്ച ഇവര്‍ സമരവേദിയില്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 48-ാംദിനത്തിലേക്കുംനിരാഹാര സമരം 10 -ാം ദിനത്തിലേക്കും കടന്ന ദിനമാണ് അങ്കണവാടി ജീവനക്കാര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തുന്നത്. സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ചയാണ് ആശാ വര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സേവന വേതന വര്‍ദ്ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 13 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തിവന്ന രാപ്പകല്‍ സമരമാണ് താല്‍ക്കാലികമായി പിന്‍വലിച്ചത്.ധനകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കരുത്ത് തെളിയിച്ച പ്രതിഷേധ പരിപാടികള്‍ക്ക് ശേഷമാണ് ഇവര്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

അങ്കണവാടി  ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം ശക്തമായി തുടരുകയാണ്. തിങ്കളാഴ്ച ഇവര്‍ സമരവേദിയില്‍ മുടി മുറിച്ച് പ്രതിഷേധിക്കും. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിസ്ഥാന തൊഴിലാളി സമൂഹത്തെ അവഗണിക്കുകയാണെന്ന് ഇവരുടെ സമരവേദിയില്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. ദുരഭിമാനവും ദുര്‍വാശിയും സര്‍ക്കാര്‍ വെടിഞ്ഞ് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.