സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകർന്നു, ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ സ്ഥിതിയില്‍: രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 31, 2023

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ രാഷ്ട്രീയപകപോക്കലിനും മാധ്യമവേട്ടയ്ക്കുമെതിരെ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നടത്തിയ  പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.  അധികാരത്തിലിരിക്കുന്ന ഭരണകൂടം എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദിക്കും പിണറായിക്കും ഏകാധിപതികളുടെ സമീപനമാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞെന്നും കേരളത്തിന്‍റെ ക്രമസമാധാന നില തകർന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മ്യൂസിയം പോലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. രണ്ടുപേർക്കും ഏകാധിപതികളുടെ സമീപനമാണ്. കേരളത്തെ പാർട്ടി ഗ്രാമമാക്കാനാണ് സർക്കാർ ശ്രമം. അധികാരം ഉപയോഗിച്ച് എല്ലാവരെയും അടിച്ചമർത്താൻ ശ്രമം നടത്തുന്നു. എല്ലാ അഴിമതികൾക്കും ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. ജനാധിപത്യ വിരുദ്ധമായ എല്ലാ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നുവെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ തുറന്നു പറയുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പോലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എസ്കോർട്ട് നടത്തുവാനുള്ള സേനയായി മാത്രം അധഃപതിച്ചു. പിണറായി ഭരണത്തിൽ കേരള പോലീസ് കാര്യക്ഷമതയില്ലാത്ത സേനയായി മാറിയെന്നും കേരളത്തിന്‍റെ ക്രമസമാധാന നില തകർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയിലെ കുഞ്ഞിന്‍റെ കൊലപാതകത്തിലും രമേശ് ചെന്നിത്തല സർക്കാരിനും പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി. കേരള പോലീസ് കുറ്റവാളികളെ കയ്യാമം വയ്ക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ ഫേസ്ബുക്കിലൂടെ മാപ്പ് ചോദിക്കുകയല്ല വേണ്ടത്. കാടത്തവും ജനാധിപത്യ വിരുദ്ധമായ പ്രവർത്തിയും ആണ് കേരളത്തിൽ നടക്കുന്നത്.
ആരോപണമുയർന്നപ്പോൾ മാത്രം രാത്രിയിൽ തലയിൽ തുണിയിട്ട് ഒരു മന്ത്രി ആ കുട്ടിയുടെ വീട്ടിൽ പോയി. നീതിയും നിയമവും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ദുഃഖമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിലക്കയറ്റത്തിൽ കേരളം പൊറുതിമുട്ടുന്നു. കാണം വിറ്റാലും ഇക്കുറി ഓണം ആഘോഷിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. കേരളത്തിൽ ഇത്രയധികം അരാജകത്വം നിറഞ്ഞ ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.