ഇടതിനെ അടിതെറ്റിച്ച മുഖ്യമന്ത്രിയുടെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങള്‍

Friday, June 14, 2019

 

pinarayi-vijayan

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ കനത്ത പരാജയത്തിന് വഴിയൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ലേഖനം. ‘ദ സെവന്‍ ഡെഡ്‌ലി പൊളിറ്റിക്കല്‍ സിന്‍സ് ഓഫ് പിണറായി വിജയന്‍’ എന്ന ലേഖനത്തിലാണ് ഇടതിന്‍റെ തകർച്ചയുടെ കാരണങ്ങള്‍ ഇന്ത്യാ ടുഡേ ചൂണ്ടിക്കാട്ടുന്നത്.

1. ശബരിമലയിലെ നിലപാട് തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കാണാനായില്ല

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലൂടെ ‘സാമൂഹ്യപരിഷ്കര്‍ത്താവ് ഇമേജ്’ ഉണ്ടാക്കിയെടുക്കാനായാണ് പിണറായി വിജയന്‍റെ ശ്രമിച്ചത്. എന്നാല്‍ അയ്യപ്പ ഭക്തര്‍ക്ക് ഇത് അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും തുടര്‍ന്ന് പ്രതിഷേധം ഉയർന്നപ്പോള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

2. രാഷ്ട്രീയ കൊലപാതകങ്ങള്‍

രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സി.പി.എം നയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി. അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന നിലപാട് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. അണികളെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. 2012 ലെ ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം സാധാരണ ജനങ്ങളില്‍ സി.പി.എമ്മിനോട് വലിയ അളവില്‍ എതിര്‍പ്പ് ഉണ്ടാക്കുന്നതിന് കാരണമായിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനോട് ജനങ്ങളുടെ വെറുപ്പ് പാരമ്യത്തിലെത്തിച്ചു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു.

3. രാഹുല്‍ ഗാന്ധി പ്രഭാവത്തെ കണക്കിലെടുത്തില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ഏതുരീതിയില്‍ സംസ്ഥാനത്ത് തരംഗമുണ്ടാക്കുമെന്ന് വിലയിരുത്തുന്നതില്‍ സി.പി.എം പരാജയപ്പെട്ടു. രാഹുല്‍ പ്രഭാവം മലബാര്‍ മേഖലയില്‍ മാത്രമായി ഒതുങ്ങുമെന്ന പിണറായിയുടെ വിലയിരുത്തല്‍ പൂര്‍ണമായും തെറ്റി. എന്നാല്‍ വയനാട്ടില്‍ മാത്രമല്ല ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ വിഭാഗത്തിലും സ്വാധീനം ചെലുത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടന്നുവരവ്. ഇത് കൃത്യമായി കാണുന്നതില്‍ സി.പി.എം നേതാക്കള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

4. സിറ്റിംഗ് എം.എല്‍.എമാരെ മത്സരാര്‍ത്ഥികളാക്കി

സിറ്റിംഗ് എം.എല്‍.എമാരെ ലോക്സബാ സ്ഥാനാര്‍ത്ഥികളാക്കിയ പിണറായിയുടെ തീരുമാനം തിരിച്ചടിയായി. ലോക്‌സഭയില്‍ പരമാവധി സീറ്റുകള്‍ നേടാന്‍ ലക്ഷ്യമിട്ട് പിണറായി വിജയന്‍ തന്നെയാണ് 20 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചത്. ആറ് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി തയാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ദീര്‍ഘവീക്ഷണമില്ലാത്തതായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ മണ്ഡലത്തിനും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ സി.പി.എം പരാജയപ്പെട്ടു.

5. വി.എസ് അച്യുതാനന്ദനെ പ്രചരണത്തില്‍ നിന്ന് ഒഴിവാക്കി

ജനങ്ങളുമായി ബന്ധമുള്ള സി.പി.എം നേതാവായ വി.എസ് അച്യുതാനന്ദനെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാക്കി. മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ വി.എസിനെ ഒതുക്കുന്നതിലായിരുന്നു പിണറായി ശ്രദ്ധ ചെലുത്തിയത്.വി.എസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി ഒതുക്കിയത് പാര്‍ട്ടിക്ക് ദോഷം ചെയ്തു. വി.എസിനെ പ്രചാരണത്തിന് ഇറക്കാതെ ഒഴിവാക്കിയ പിണറായിയുടെ നീക്കം തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

6. ബി.ജെ.പി, ത്രികോണ മത്സര ഘടകങ്ങള്‍ അവഗണിച്ചു

ബി.ജെ.പിയെ സി.പി.എം പൂര്‍ണമായും അവഗണിച്ചു. ത്രികോണ മത്സരം എന്നതും സി.പി.എം ഒരിക്കല്‍പോലും കണക്കിലെടുത്തില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2016ല്‍ കേരളത്തില്‍ എന്‍.ഡി.എ 14.9% വോട്ട് ഷെയര്‍ നേടിയിരുന്നു. 2016ല്‍ സി.പി.എമ്മിന് അനുകൂലമായിരുന്ന ഈ വോട്ടുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുമെന്ന സി.പി.എമ്മിന്‍റെ കണക്കുകൂട്ടല്‍ പൂര്‍ണമായും തെറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

7 പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച

ആഭ്യന്തരവകുപ്പിന്‍റെ കടിഞ്ഞാണ്‍ പേറുന്ന മുഖ്യമന്ത്രി പോലീസിനെ കൈകാര്യം ചെയ്ത രീതിയും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ഉപദേശിക്കുന്നതില്‍ സര്‍വീസിലുള്ളതും വിരമിച്ചവരുമായ പൊലീസുകാരുണ്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു.ശബരിമല വിഷയത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും വിശ്വാസികളുള്‍പ്പെടെയുള്ളവര്‍ തിരിയാന്‍ കാരണമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.