പൗരത്വ നിയമം : സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ധർണ തിങ്കളാഴ്ച രാജ്ഘട്ടില്‍

Jaihind News Bureau
Saturday, December 21, 2019

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 മണി വരെ രാജ്ഘട്ടിൽ കോൺഗ്രസ് ധർണ നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ധർണയില്‍ പങ്കെടുക്കും.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി കോൺഗ്രസ് പോരാട്ടം തുടരും. ബിജെപി സർക്കാരിന്‍റെ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സർക്കാരിന്‍റെ ഏകാധിപത്യ മനോഭാവം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരായ ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തിങ്കളാഴ്ച രാജ്ഘട്ടിൽ ധര്‍ണ സംഘടിപ്പിക്കുന്നത്.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ക്രൂരമായി അടിച്ചമർത്തുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ നേരത്തെ രംഗത്തെത്തിയിരുന്നു. സമാധാനപരമായ ജനകീയ സമരങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനായി സ്വേച്ഛാധിപത്യപരമായ നടപടികളാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

എന്‍.ആർ.സിയും പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കെതിരായ ഒരു നീക്കവും ഇന്ത്യയിലെ ജനങ്ങൾ അനുവദിക്കില്ല. പ്രതിഷേധക്കാർക്കെതിരെ സർക്കാർ അക്രമം നടത്തുകയാണ്. മഹാത്മാ ഗാന്ധിയുടെ പാതയിലൂടെ സത്യത്തിന്‍റെയും അഹിംസയുടെയും വഴി ജനങ്ങൾ പിന്തുടരണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.