
നടിയെ ആക്രമിച്ച കേസില്‍ അന്നത്തെ എം.എല്‍.എ. ആയിരുന്ന പി.ടി. തോമസിന്റെ ഇടപെടല്‍ വളരെ നിര്‍ണ്ണായകമായിരുന്നു. 2017 ഫെബ്രുവരിയില്‍ അതിക്രമം നടന്ന രാത്രിയില്‍ തന്നെ ഇരയായ നടിയുടെ അടുത്തെത്തിയ ആദ്യ പൊതുപ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. നടിക്കുണ്ടായ ദുരനുഭവത്തില്‍ ധൈര്യം നല്‍കാനും, കേസ് നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം പിന്തുണ നല്‍കി. പോലീസിനെ വിവരമറിയിച്ചതും, നടിക്ക് പരാതി നല്‍കാന്‍ ആവശ്യമായ മാനസിക പിന്തുണയും സുരക്ഷയും ഒരുക്കിയതും പി.ടി. തോമസാണ്. അദ്ദേഹത്തിന്റെ ഈ ഇടപെടലുകളാണ് കേസിന് ശക്തമായ നിയമപരമായ അടിത്തറ നല്‍കിയത്. കേസിന്റെ അന്തിമ വിധി വരാനിരിക്കുന്ന ഈ സാഹചര്യത്തില്‍, 2021-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
കേസിലെ സാക്ഷിയായിരുന്ന പി.ടി. തോമസിന് മൊഴി നല്‍കുന്നതില്‍ നിന്ന് പിന്തിരിയുന്നതിനായി വലിയ സമ്മര്‍ദ്ദവും സ്വാധീന ശ്രമങ്ങളും നേരിടേണ്ടി വന്നിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും എം.എല്‍.എ.യുമായ ഉമ തോമസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ‘സത്യം മാത്രം പറയും, ഒന്നും കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ ഇല്ല’ എന്ന ദൃഢമായ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. മൊഴി നല്‍കിയതിന് ശേഷം പി.ടി. തോമസിന് നേരെ വധശ്രമം ഉണ്ടായതായി സംശയിക്കുന്നതായും ഉമ തോമസ് പറഞ്ഞിരുന്നു. നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തെ പി.ടി. തോമസ് അന്ന് ശക്തമായി വിമര്‍ശിക്കുകയും, സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.