പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ല; എം വി ഗോവിന്ദന്‍

Jaihind Webdesk
Thursday, November 3, 2022

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതോടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ നേതൃത്വത്തിന് അതൃപ്തിയാണെന്ന കാര്യം പരസ്യമായി. ഈ കാരണം കൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. സര്‍ക്കാര്‍ തന്നെ തീരുമാനം തിരുത്തിയതിനാല്‍ അന്വേഷണത്തിന്റെ കാര്യമില്ല. മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐയും എ ഐ വൈ എഫും രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.