പിറന്നുവീണതും വയനാടിന്‍റെ കൈകളില്‍; രാഹുലിനെ ഏറ്റുവാങ്ങിയത് രാജമ്മ; ഒളിമങ്ങാത്ത ഓര്‍മയില്‍ ഈ വയനാട്ടുകാരി

Thursday, May 2, 2019

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധി ജനിച്ചുവീണത് തന്‍റെ കൈകളിലേക്കാണെന്ന വെളിപ്പെടുത്തലുമായി വയനാട്ടുകാരി രാജമ്മ വാവാട്ടിൽ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതോടെയാണ് 49 വർഷം പഴക്കമുള്ള ഓർമകൾ രാജമ്മ പുറത്തുപറയാൻ തയാറായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെങ്കിലും, വീണ്ടും വയനാട്ടിൽ എത്തുമ്പോൾ കാണാൻ കഴിയുമെന്നുതന്നെയാണ് രാജമ്മയുടെ പ്രതീക്ഷ. അമ്മയും മുത്തശിയും പറയാത്ത ഒരുപാട് കഥകൾ അദ്ദേഹത്തോട് പറയാൻ ഉണ്ടെന്നും അവർ പറയുന്നു.

ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവാട്ടിൽ. 1970 ജൂൺ 19 ന് ആശുപത്രിയില്‍ ഒരു വി.ഐ.പി പേഷ്യന്‍റ് ഉണ്ടായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മരുമകൾ സോണിയാ ഗാന്ധി. അന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുമ്പേ ചേർത്തുപിടിച്ച വ്യക്തി. ഒരു ദേശീയ മാധ്യമമാണ് രാഹുല്‍ ഗാന്ധി പിറന്നുവീണ കൈകളെ അന്വേഷിച്ച് കണ്ടെത്തിയത്. അത് വയനാട്ടിൽ ആയെന്നത് തീർത്തും ആകസ്മികമാകാം. 49 വർഷങ്ങൾ‌ക്കിപ്പുറവും രാഹുൽ ഗാന്ധിയുടെ ജനനത്തെ ഓർമിച്ചുവെക്കുന്നുണ്ട് രാജമ്മ വാവാട്ടിൽ.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകൾ ആയിരുന്നിട്ട് പോലും ആ വി.ഐ.പി കുടുംബം ആശുപത്രി നിയമങ്ങൾ കാര്യക്ഷമമായി പാലിച്ചിരുന്നതായി രാജമ്മ ഓർമ്മിക്കുന്നു. ചെറുമകൻ ജനിച്ച് രണ്ടാം ദിവസം ഇന്ദിരാ ഗാന്ധി അവനെ കാണാനെത്തി. താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല രാഹുൽ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാവുമെന്ന്. 49 വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെന്ന വിഷമത്തിലാണ് അവർ. എന്നാൽ അദ്ദേഹം വൻ വിജയം നേടി വീണ്ടും വയനാട്ടിൽ എത്തുമ്പോൾ കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. അമ്മയും മുത്തശ്ശിയും പറയാത്ത ഒരുപാട് കഥകൾ അദ്ദേഹത്തോട് പറയാൻ ഉണ്ടെന്നും രാജമ്മ വാവാട്ടിൽ പറയുന്നു.

രാഹുൽ അടുത്ത പ്രധാനമന്ത്രിയാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ 72 കാരിയായ
രാജമ്മ. അതിനിടെ രാജമ്മയെക്കുറിച്ചറിഞ്ഞ പ്രിയങ്കാ ഗാന്ധി, തനിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും രാജമ്മയെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചു.