ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞു; കൊടും ക്രൂരത കൊച്ചി പനമ്പിള്ളിനഗറില്‍

Friday, May 3, 2024

കൊച്ചി: എറണാകുളം പനമ്പള്ളിനഗർ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് കൊറിയർ കവറില്‍ പൊതിഞ്ഞ് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്‍റിലെ ‘5സി’ ഫ്ലാറ്റിലാണ് രക്തക്കറ കണ്ടത്.

ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാർ, ഭാര്യ, മകൾ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടൻ തന്നെയാണു കുഞ്ഞിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞതെന്നാണ് സൂചന. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്‍റെ കൊറിയർ വന്ന ഒരു കവറിലാണ്. ഈ കവറി രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. ഇതില്‍ നിന്നാണ് പോലീസിന് അഡ്രസ് ലഭിച്ചത്.

ഇന്നു രാവിലെ 8.15നാണ് കുഞ്ഞിന്‍റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് 7.37 നാണ് കുഞ്ഞിന്‍റെ മൃതദേഹം താഴേക്ക് എറിഞ്ഞതെന്ന് കണ്ടെത്തി. ഫ്ലാറ്റിന്‍റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ കവർ താഴേക്കു പതിക്കുന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഡിസിപി കെ. സുദർശന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.