പെര്‍മിറ്റ് ഫീസ് ഭീമമായി വര്‍ധിപ്പിച്ച മന്ത്രിയാണ് കുറച്ചതില്‍ അഭിമാനിക്കുന്നത്; കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സർക്കാരെന്ന് പ്രതിപക്ഷ നേതാവ്

 

കൊച്ചി: തിരഞ്ഞെടുപ്പില്‍ കനത്ത അടി കിട്ടിയപ്പോഴാണ് കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫീസ് കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പെര്‍മിറ്റ് ഫീസ് ഭീമമായി വര്‍ധിപ്പിച്ച മന്ത്രിയാണ് കുറച്ചതില്‍ അഭിമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്ലാന്‍ ബി എന്ന പേരില്‍ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ്. ഭരണം ഇല്ലാതെ തല്ലിപ്പഴുപ്പിക്കുന്ന സംവിധാനമായി സര്‍ക്കാര്‍ മാറിയെന്നും കെടുകാര്യസ്ഥതയാണ് സർക്കാരിന്‍റെ മുഖമുദ്രയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഇനിയും ജനങ്ങളെ ദ്രോഹിച്ചാല്‍ നേരത്തെ കണ്ടതിനേക്കാള്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

തിരഞ്ഞെടുപ്പില്‍ കനത്ത അടി കിട്ടിയപ്പോള്‍ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പോലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വര്‍ധന പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 30 രൂപയുണ്ടായിരുന്ന ഫീസാണ് 1000 ആക്കി വര്‍ധിപ്പിച്ചത്. പെര്‍മിറ്റ് തുക പഞ്ചായത്തില്‍ 555 രൂപയുണ്ടായിരുന്നത് 8500 രൂപയായും മുന്‍സിപ്പാലിറ്റിയില്‍ 10500 രൂപയായും വര്‍ധിപ്പിച്ചു. കോര്‍പറേഷനില്‍ 1000 രൂപയായിരുന്നത് 16000 രൂപയായും വര്‍ധിപ്പിച്ചു. എന്നിട്ടാണ് ഇതുപോലെ ആരും കുറച്ചിട്ടില്ലെന്ന് മന്ത്രി പറയുന്നത്. ഇതു പോലെ ഭീമമായ വര്‍ധനവ് ആരും വരുത്തിയിട്ടില്ല. എന്നിട്ടാണ് കുറച്ചതില്‍ ഇപ്പോള്‍ അഭിമാനിക്കുന്നത്. ഭീമമായ വര്‍ധനവ് വരുത്തിയതു കൊണ്ടാണ് കുറയ്‌ക്കേണ്ടി വന്നത്. ജനങ്ങള്‍ തിരിച്ചടിക്കും. ഇപ്പോഴും പ്ലാന്‍ ബി എന്ന പേരില്‍ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ്. നിയമസഭ സമ്മേളിച്ച് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ധനവിനിയോഗത്തിനുള്ള അനുമതി നല്‍കിയ ശേഷം നിയമസഭ തീരുമാനങ്ങളെ അട്ടിമറിച്ച് വീണ്ടും പ്ലാന്‍ സൈസ് കട്ട് ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കമ്മിറ്റിയുണ്ടാക്കിയിരിക്കുകയാണ്. ഇത് നിയമസഭയോടുള്ള അവഹേളനമാണ്. ഇപ്പോള്‍ തന്നെ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങള്‍ക്കു മേല്‍ വീണ്ടും സേവന നികുതികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇനിയും ജനങ്ങളെ ദ്രോഹിച്ചാല്‍ നേരത്തെ കണ്ടതിനേക്കാള്‍ ശക്തമായ സമരം നേരിടേണ്ടി വരും.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നിലൊന്നു പദ്ധതി വിഹിതമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ക്യാരി ഓവര്‍ നല്‍കാന്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ നിന്നും എടുക്കണമെന്നാണ് പറയുന്നത്. ഭരണം എന്നൊന്ന് ഇല്ലാതെ തല്ലിപ്പഴുപ്പിക്കുന്ന സംവിധാനമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കെടുകാര്യസ്ഥതയാണ് മുഖമുദ്ര.

Comments (0)
Add Comment