കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആയി അലോഷ്യസ് സേവ്യറും വൈസ് പ്രസിഡന്‍റുമാരായി മുഹമ്മദ് ഷമ്മാസും ആൻ സെബാസ്റ്റ്യനും ചുമതല ഏറ്റെടുത്തു. എറണാകുളം ഡിസിസി ഓഫീസിൽ നടന്ന ചടങ്ങ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സംഘടനയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുനയിക്കുക എന്നതാണ് പുതിയ ഭാരവാഹികളുടെ മേല്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം. ഇത് കൃത്യമായി നിറവേറ്റാന്‍ പുതിയ സാരഥികള്‍ക്ക് കഴിയട്ടെ എന്ന് നേതാക്കള്‍ ആശംസിച്ചു.
ഡിസിസി ഹാളിൽ തിങ്ങിനിറഞ്ഞ കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പുതിയ ഭാരവാഹികളെ എതിരേറ്റത്. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ നേർ വഴി കാണിക്കാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചാൽ ക്യാമ്പസുകളിൽ പ്രസ്ഥാനത്തിന് വൻ തിരിച്ച് വരവ് ഉണ്ടാവുമെന്നും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കേരളത്തിലെ ക്യാമ്പസുകളെ മയക്കുമരുന്നിന്‍റെ കേന്ദ്രമാക്കി മാറ്റുമ്പോൾ പ്രതിരോധം തീർക്കാൻ കെഎസ്‌യു മുൻപന്തിയിൽ ഉണ്ടാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളിൽ മാറ്റമുണ്ടാകുന്നു എന്നതിന്‍റെ തെളിവാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞടുപ്പിൽ ഇത്തവണ കെഎസ്‌യു നേടിയ വിജയമെന്നും പരാജയം അംഗീകരിക്കാൻ തയാറാകാതെ എസ്എഫ്ഐക്കാർ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. മയക്കുമരുന്ന് സംഘങ്ങൾ എസ്എഫ്ഐക്ക് വേണ്ടി അക്രമം നടത്തുമ്പോൾ അത് നോക്കിനിൽക്കില്ലന്നും കോൺഗ്രസ് ഗൗരവത്തോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എൻഎസ്‌യു ദേശീയ സെക്രട്ടറിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമായിരുന്ന കെ.എം അഭിജിത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം ഹസൻ, മുൻകാല കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമാർ, എംപി മാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, മറ്റ് കോൺഗ്രസ് നേതാക്കള്‍ തുടങ്ങിയവരും എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/JaihindNewsChannel/videos/707171657333910