ഉമാ തോമസ് എംഎല്‍എയുടെ പരിക്കിനിടയായ സംഭവം ; സ്റ്റേജ് നിര്‍മിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതര്‍

Monday, December 30, 2024


കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തില്‍ സ്റ്റേജ് നിര്‍മിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതര്‍. സ്റ്റേജ് നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്റ്റേജ് വിട്ടു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേജ് നിര്‍മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രധാന അതിഥികള്‍ക്ക് ഇരിക്കാനും മ്യൂസിക് ബാന്‍ഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിര്‍മിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതില്‍ രണ്ട് നിരയില്‍ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നല്‍കിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎല്‍എ കാല്‍വഴുതി താഴേയ്ക്ക് വീണത്. അതേസമയം ഭാവിയില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഈ സംഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

സംഭവിച്ചത് സ്റ്റേഡിയത്തിന്റെ വീഴ്ച മൂലമല്ലെന്നും, സ്റ്റേജ് നിര്‍മാണത്തിലെ വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. അതെസമയം ടര്‍ഫിലേക്ക് ഇന്നലെ ആരും കയറിയിട്ടില്ല. ടര്‍ഫ് കോംപൗണ്ടിന് പുറത്താണ് കുട്ടികള്‍ നിന്നത്. സ്റ്റേഡിയത്തിലില്ലാത്ത പുറത്ത് നിന്ന് ഒരു നിര്‍മാണം കൊണ്ടുവരുമ്പോള്‍ അത് വേണ്ടത്ര കരുതലല്ലില്ലാതെ ചെയ്തു എന്ന് വേണം പറയാന്‍. സേഫ്റ്റി പ്രോട്ടോകോള്‍ കര്‍ശനമാക്കണം. സ്റ്റേജിന് ബലമുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. സംഘാടകര്‍ക്കാണ് സുരക്ഷാ ഉത്തരവാദിത്വം. കരാര്‍ ലംഘിച്ചാല്‍ നടപടി എടുക്കും. രണ്ടാമത്തെ സ്റ്റേജ് നിര്‍മിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.