സ്വപ്നയുടെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 

കൊച്ചി: സ്വപ്നാ സുരേഷിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന സര്‍ക്കാർ നിലപാട് കോടതി അംഗീകരിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കോടതി ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പി.എസ് സരിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയും തള്ളി.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.ടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സ്വപ്നാ സുരേഷ് മുന്‍കൂർ ജാമ്യഹർജി നല്‍കിയത്. സ്വപ്നയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്. മുന്‍ എംഎല്‍എ പി.സി ജോർജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ വന്നുകണ്ടതായും മൊഴിപിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വപ്ന ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ഇത്തരത്തില്‍ പലഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Comments (0)
Add Comment