പ്രിയാ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

Jaihind Webdesk
Tuesday, October 25, 2022

 

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് കോടതിയുടെ ഇടപെടല്‍. പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി ചൂണ്ടിക്കാട്ടി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

അസോഷ്യേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയാ വർഗീസിനാണ്. 156 മാര്‍ക്കായിരുന്നു പ്രിയാ വർഗീസിന് ലഭിച്ചത്. എന്നാല്‍ അഭിമുഖത്തിൽ കിട്ടിയതാവട്ടെ ഏറ്റവും ഉയർന്ന മാർക്കും.  32 മാര്‍ക്കാണ് പ്രിയാ വർഗീസിന് അഭിമുഖത്തില്‍ ലഭിച്ചത്.

രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോര്‍ 645 ഉം അഭിമുഖത്തിന്  28 ഉം ആണ്. രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്കറിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. അതേസമയം പ്രിയാ വർഗീസിന് യുജിസി നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ നേരത്തെ ഗവർണർക്ക് പരാതി നല്‍കിയിരുന്നു.