കൊച്ചി: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും ഹൈക്കോടതിയുടെ നിർദേശം. സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റേതാണ് നിർദേശം. കേസില്‍ അന്വേഷണം തുടങ്ങിയതായി സിബിഐ കോടതിയെ അറിയിച്ചു. ഡല്‍ഹി യൂണിറ്റ് കേസ് അന്വേഷിക്കുന്നതിനാൽ പോലീസ് സഹായം വേണ്ടിവരുമെന്നും അറിയിച്ചു. സിബിഐ രേഖാമൂലം ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകണമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് പറഞ്ഞു.
അതേസമയം സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലെത്തിയാണ് അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും മൊഴി നൽകിയത്. സിബിഐ വിശദമായി കേട്ടുവെന്നും കൊലപാതകം ആണെന്ന സംശയം ആവർത്തിച്ചുവെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.