ആലപ്പുഴ: ഗവർണര്‍-സര്‍ക്കാര്‍ പോര് നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുമ്പ് ഉണ്ടായിട്ടുള്ളതുപോലെ എപ്പോള്‍ വേണമെങ്കിലും ധാരണയാകാവുന്ന കാര്യങ്ങളാണിത്. ഇഷ്ടക്കാര്‍ക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ടെത്തി സ്വാധീനം ചെലുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. കാര്യങ്ങള്‍ ധാരണയിലെത്തിക്കാനായി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ട്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. എല്ലാം നാടകം. കണ്ണൂർ വിസി നിയമനത്തിൽ നിയമവിരുദ്ധമായും ക്രമവിരുദ്ധമായും വിദ്യാഭ്യാസമന്ത്രിയും സർക്കാരും ഇടപെട്ടതായും നിയമവിരുദ്ധമായി പുനർനിയമനം കൊടുത്തു എന്നും പ്രതിപക്ഷമാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി രാജ്ഭവനിൽ പോയി സ്വാധീനിച്ചിട്ടാണ് താന്‍ പുനർനിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല. കണ്ണൂർ വിസി നിയമനത്തിൽ രണ്ടുകൂട്ടരും ഒന്നിച്ചുനിന്നു. നിയമപ്രകാരം ഗവർണർ ഉണ്ടാക്കിയ സെർച്ച് കമ്മിറ്റി ഈ സ്വാധീനത്തെ തുടർന്ന് പിരിച്ചുവിടുകയും പ്രായം കൂടുതലായതിനാൽ അപേക്ഷിക്കാൻ പോലും സാധിക്കാത്ത നിലവിലെ വിസിക്ക് നിയമവിരുദ്ധമായി പുനർനിയമനം കൊടുക്കുകയുമായിരുന്നു. ഇപ്പോൾ ഗവർണർ ആർഎസ്എസിന്‍റെ ആളാണെന്നും സർക്കാരിനെ ഉപദ്രവിക്കുന്നുവെന്നും പറയുന്നു. അന്ന് ഈ ആർഎസ്എസിനെ പിന്തുണയ്ക്കുന്ന ആരിഫ് മുഹമ്മദ് ഖാനുമായി സന്ധിയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തപ്പോൾ സർക്കാരിന് പരാതിയില്ലായിരുന്നു. ചരിത്രകോൺഗ്രസിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഗവർണർ പറയുന്ന കാര്യങ്ങളിൽ മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ്, പ്രതിപക്ഷമല്ല. ഗവർണറെ ആക്രമിക്കാൻ ശ്രമമുണ്ടായോ, പ്ലക്കാർഡുകൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവന്നോ, അക്രമികളെ സംരക്ഷിച്ചോ, യോഗം കലക്കാൻ നേരത്തേ തീരുമാനിച്ചിരുന്നോ എന്നതിലെല്ലാം മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.
ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ഇപ്പോഴത്തെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ഓർഡിനൻസ് വന്നപ്പോൾ തന്നെ യുഡിഎഫ് സംഘം നേരിട്ടെത്തി ഗവർണറെ കണ്ട് ഇത് നിയമവിരുദ്ധമാണെന്നും അനുവദിക്കരുതെന്നും അഭ്യർത്ഥിച്ചിരുന്നു. അന്ന് രണ്ട് കൂട്ടരും ധാരണയിലായതിനാൽ ഒപ്പുവെച്ചു. ഇപ്പോൾ ബില്ലിൽ ഒപ്പ് വെക്കില്ലെന്ന ഗവർണറുടെ നിലപാടിനെ വാഗതം ചെയ്യുന്നു. നിയമവിരുദ്ധമായ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
പിൻവാതിൽ നിയമനവും ബന്ധുനിയമനവും നടത്താൻ വേണ്ടിയാണ് സർവകലാശാല നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. ഇതിൽ ഒപ്പ് വെക്കില്ലെന്ന നിലപാടിനെയും പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമനം മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങിയെന്ന് ഗവർണർ പറയുമ്പോഴും ആ തെറ്റിൽ ഗവർണറും പങ്കാളിയാണ്. അതിന് കാരണം അവർ തമ്മിൽ ധാരണയായിരുന്നു. കാര്യങ്ങൾ അന്ന് സെറ്റിൽമെന്‍റായി. പ്രതിപക്ഷം ഈ നാടകത്തിൽ ഭാഗമല്ല. ഇവര്‍ തമ്മിൽ ഒന്നുചേരാനുള്ള സംവിധാനങ്ങൾ ഒരുപാടുണ്ട്. ഇതിന് മുമ്പും ഇതുപോലെ പ്രശ്‌നങ്ങളുണ്ടായപ്പോൾ മുഖ്യമന്ത്രി പോയി കണ്ട് അത് സെറ്റിൽമെന്‍റാക്കിയിട്ടുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെ മുഖ്യമന്ത്രി ബില്ലിൽ ഒപ്പിടീപ്പിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇഷ്ടക്കാരെ വിസി ആക്കാനായി ഇതേ ഗവർണറുമായാണ് അവർ സെറ്റിൽമെന്‍റ് ഉണ്ടാക്കിയത്. ആർഎസ്എസ് മേധാവിയെ സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവർണർ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് ചെന്ന് കണ്ടത് പദവിക്ക് യോജിച്ചതല്ല. അങ്ങനെയെങ്കിൽ പ്രോട്ടോകോളിനെക്കുറിച്ചും പ്രിവിലേജിനെക്കുറിച്ചും പറയാൻ ഗവർണര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.