സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നിരന്തരം ഉന്നയിച്ച വിഷയമാണെന്നും യഥാര്‍ത്ഥത്തില്‍ ആരോഗ്യകേരളം വെന്റ്‌ലേറ്ററില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 427 കോടി രൂപയാണ് മരുന്ന് വിതരണത്തിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. സാധാരണക്കാര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മരുന്ന് കൊടുക്കണമെന്നതല്ല സര്‍ക്കാരിന്റെ മുന്‍ഗണന. മറിച്ച് പിഎസ്‌സി ചെയര്‍മാന്റെ അടക്കം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലാണ് സര്‍ക്കാരിന്റെ പരിഗണന. മോദിയെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ വികസന വിരുദ്ധരും ആകുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. അനുവദിച്ച പണം വെട്ടിക്കുറച്ചും സാധാരണക്കാരെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.