സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നു : കത്ത് എഴുതി കളഞ്ഞത് 62 ലക്ഷം രൂപ ; 42 ലക്ഷം കടലാസ് ചെലവാക്കി അയച്ചത് മരം നടാന്‍ ആവശ്യപ്പെട്ടുള്ള കത്ത് !

സംസ്ഥാന സർക്കാരിന്‍റെ ധൂർത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂൾ വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രി കത്ത് എഴുതിയ വകയിൽ ഖജനാവിന് നഷ്ടമായത് ലക്ഷങ്ങൾ. 62 ലക്ഷത്തോളം രൂപയാണ് കത്ത് വഴിയുള്ള പ്രചരണത്തിനായി മുഖ്യമന്ത്രി ചെലവഴിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത നിരവധി സ്കൂളുകൾ സംസ്ഥാനത്ത് ഉള്ളപ്പോഴാണ് അനാവശ്യമായി ലക്ഷങ്ങൾ സർക്കാർ ചെലവഴിച്ചത്.

2019ലെ സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ചാണ് ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി കത്ത് എഴുതിയത്. മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. ഇതിന് വേണ്ടി ചെലവഴിച്ചതാകട്ടെ 61,64,804 (അറുപത്തൊന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റിനാല്) രൂപ. മരങ്ങൾ സംരക്ഷിക്കാനായി എല്ലാ രാജ്യങ്ങളും കടലാസ് രഹിത ഡിജിറ്റല്‍ സന്ദേശങ്ങളിലേക്ക് മാറുമ്പോള്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണമെന്ന സന്ദേശമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 42 ലക്ഷം കടലാസുകൾ ചെലവഴിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

28 സെന്‍റീമീറ്റര്‍ വീതിയും 21 സെന്‍റീമീറ്റര്‍ നീളവുമുള്ള കത്തിന്‍റെ 23 ലക്ഷം കോപ്പിയും 9.3 സെ.മീ. വീതിയും 21 സെ.മീ. നീളവുമുള്ള കത്തിന്‍റെ 19.55 ലക്ഷം കോപ്പിയുമാണ് അച്ചടിച്ചത്. ‘പ്രിയപ്പെട്ട കുട്ടികള്‍ക്ക് മുഖ്യമന്ത്രി എഴുതുന്ന കത്ത്’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന കത്ത് അച്ചടിച്ചത് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ആയിരുന്നു.

പ്രവേശനോല്‍സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് കത്തു നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും ഒട്ടേറെ സ്‌കൂളുകളില്‍ കത്ത് സമയത്തിന് എത്തിക്കാനുമായില്ല. എന്നാല്‍, അച്ചടിച്ച കത്തിന്‍റെ ബില്ല് കൃത്യമായി കഴിഞ്ഞ ദിവസം സര്‍ക്കാരിന് മുന്നിലെത്തി. മുഴുവൻ തുകയും സർക്കാർ പാസാക്കി നല്‍കുകയും ചെയ്തു. പാമ്പുകടിയേൽക്കുന്ന ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്കൂളുകളും ഉള്ള നാട്ടിലാണ് കത്ത് വഴിയുള്ള പ്രചരണത്തിനായി സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചത്.

pinarayi vijayanletter
Comments (0)
Add Comment