കരുവന്നൂര്‍, മാസപ്പടി ഇപ്പോള്‍ കൈക്കൂലി വിവാദം; പുകമറയിടാൻ ഗവർണറുമായുള്ള വ്യാജ പോര് വീണ്ടും സജീവമാക്കി സർക്കാർ

Jaihind Webdesk
Thursday, September 28, 2023

തിരുവനന്തപുരം: കരുവന്നൂരിലും മാസപ്പടിയിലും അടിതെറ്റി പ്രതിരോധത്തിൽ ആയതോടെ പുകമറയിടാൻ ഗവർണറുമായുള്ള വ്യാജ പ്പോര് വീണ്ടും സജീവമാക്കി സർക്കാർ . നിലവിലെ വിവാദങ്ങളിൽ നിന്ന് തടിയൂരുവാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം പൊടുന്നനെ മുഖ്യമന്ത്രി ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി വീണ്ടും പോര് പ്രഖ്യാപിച്ചത്.
വിവാദങ്ങളിൽസംസ്ഥാന രാഷ്ട്രീയം കലുഷിതമായി സിപിഎമ്മും സർക്കാരും പ്രതിരോധത്തിലാകുമ്പോൾ വിഷയം വഴി തിരിച്ചുവിടുവാൻ സർക്കാർ പതിവായി ഗവർണറുമായുള്ള ഏറ്റുമുട്ടൽ സജീവമാക്കാറുണ്ട്. കരുവന്നൂരിൽ സിപിഎം പ്രതിക്കൂട്ടിൽ ആയതോടെയാണ് ഗവർണറുമായിഏറ്റുമുട്ടൽ പ്രഖ്യാപിച്ചു വീണ്ടും സർക്കാർ പുക മറ ഉയർത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെയാണ് ഗവർണറുമായുള്ള പോര് വീണ്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ചോദ്യവും ഉത്തരവും നീക്കവും ആസൂത്രിതമായിരുന്നെന്ന് വ്യക്തമായി.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഗവർണർസർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുകയും ഏറ്റുമുട്ടലിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഗവർണറും സർക്കാരും തമ്മിലുള്ള പോരുകൾ വ്യാജമാണെന്നും വിവാദങ്ങളെ വഴിതിരിച്ച് വിടാനുള്ള നീക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെ അടിവരയിട്ട് സാധുകരിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ നീക്കം.