സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നത് മനപൂർവം വൈകിപ്പിച്ച് സർക്കാർ

Jaihind News Bureau
Thursday, October 8, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയെ ആറ് തവണ കണ്ടുവെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നത് മനപൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം. സി.സി ടി.വി ദൃശ്യങ്ങള്‍ ദേശിയ അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതില്‍ മനപൂര്‍വമായ കാലതാമസം ഉണ്ടായി എന്ന് ഭരണാനുമതി ഉത്തരവില്‍ നിന്ന് വ്യക്തം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും ശിവശങ്കര്‍ ഐ.എ.എസും മറ്റ് ഉന്നതരുമായുള്ള അടുത്ത ബന്ധവും പുറത്തുവന്നതോടെയാണ് ഭരണസിരാകേന്ദ്രത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവുകളായി മാറുന്നത്. കേസ് അന്വേഷണത്തിനായി സെക്രട്ടേറിയേറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നത് 2020 ജൂലൈ അവസാനമാണ്. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഗസ്റ്റ് 5 ന് പൊതുഭരണ ഹൗസ് കീപ്പിംഗ് വിഭാഗം സി.സി ടി.വി ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ പബ്ലിക്സ് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് (ബില്‍ഡിംഗ്സ്) നോട് ആവശ്യപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഗസ്റ്റ് 12 ന് വിശദാംശങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ഒക്ടോബര്‍ 1 ന് 68,39,490 രൂപക്ക് ഭരണാനുമതി ഉത്തരവ് ഇറങ്ങി. ആഗസ്ത് 12 ന് ശേഷം 50 ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ ഫയലില്‍ തീരുമാനമായി ഉത്തരവിറങ്ങിയത്.

സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമടക്കം നേരിട്ട് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന വിവാദമായ കേസില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള നീക്കമാണ് ഉണ്ടായത്. സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതില്‍ മനപൂര്‍വമായ കാലതാമസം ഉണ്ടായി എന്ന് ഭരണാനുമതി ഉത്തരവില്‍ നിന്ന് തന്നെ വ്യക്തമാണ്. പൊതുഭരണവകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിക്കും ഫയലുകള്‍ പോയി വരാന്‍ 50 ദിവസത്തിലേറേ സമയമാണ് എടുത്തത്.

ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന തുകയായാതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി ഉപകരണങ്ങള്‍ വാങ്ങാന്‍ ഇനിയും കാലതാമസമെടുക്കും. പീന്നിട് ഈ ദൃശ്യങ്ങള്‍ ശേകറിച്ച് അന്വേഷണ ഏജന്‍സിക്ക് കൈമാറേണ്ടതുണ്ട്. ഇതുവരെ വരുത്തിയ കാലതാമസം പരിശോധിക്കുമ്പോല്‍ ഇനിയും വൈകിപ്പിക്കല്‍ തുടരാനാണ് സാധ്യത. അതേസമയം മുഖ്യമന്ത്രിയെ താന്‍ ശിവശങ്കര്‍ ഐ.എ.എസിനൊപ്പം ആറ് തവണ കണ്ടു എന്ന സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരേയും അന്വേഷണം മുറുകാനുള്ള സാധ്യത ആണ് തെളിഞ്ഞത്. ഇതോടെ ദൃശ്യങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിച്ചത് ആരാണ് എന്നും എന്തിനാണ് എന്ന ചോദ്യങ്ങളും കൂടി ഉയരുകയാണ്.