കർഷകരെ വഞ്ചിച്ച സർക്കാര്‍; സെക്രട്ടേറിയറ്റിനു മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പട്ടിണിക്കഞ്ഞി സമരം നടത്തി

Jaihind Webdesk
Tuesday, August 29, 2023

 

തിരുവനന്തപുരം: കർഷക വഞ്ചനയിലും നെൽ കർഷകരെ ദ്രോഹിച്ച സർക്കാർ നടപടിയിലും പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി കുട്ടനാട്ടിലെ നെൽ കർഷകർക്കൊപ്പം തിരുവോണനാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണിക്കഞ്ഞി സത്യഗ്രഹം നടത്തി. നെൽ കർഷകരുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുഡിഎഫ് സമരം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.

സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് തിരുവോണനാളിൽ കുട്ടനാട്ടിലെ നെൽകർഷകർക്കൊപ്പം കൊടിക്കുന്നിൽ സുരേഷ് എംപി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ മുയർത്തിയത്. നെൽ കർഷകരുടെ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. ഈ ഓണത്തെ സർക്കാർ പട്ടിണി ഓണമാക്കി മാറ്റിയെന്നും വിലക്കയറ്റം നിയന്ത്രിക്കുവാൻ പൊതു വിപണിയിൽ ഇടപെടൽ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവോണനാളിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പട്ടിണി കഞ്ഞി വെച്ചുകൊണ്ടാണ്കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധമുയർത്തിയത്. കർഷകരിൽ നിന്നും ശേഖരിച്ച നെല്ലിന്‍റെ വിലയായി 360 കോടി രൂപ നൽകുന്നതിൽ അലംഭാവം കാട്ടുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരത്തിൽ അലയടിച്ചത്.

പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. സിവില്‍സപ്ലൈസ്, കൃഷി, ധനകാര്യ വകുപ്പുകള്‍ പൂര്‍ണ്ണപരാജയമാണെന്നും സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് തിരുവോണ ദിനത്തിലെ പട്ടിണിക്കഞ്ഞി സമരത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച സത്യഗ്രഹ സമരം ഒരുമണിക്ക് പട്ടിണിക്കഞ്ഞി വിതരണം ചെയ്തു കൊണ്ടാണ് സമാപിച്ചത്.