പോലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.എ.ജി റിപ്പോർട്ടിലെ കണക്കുകൾ തെറ്റെന്ന് ക്രൈംബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. എന്നാൽ 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളുവെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ കണ്ടെത്തി. അതേ സമയം, തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് നേരെ നടപടി ഉണ്ടാകുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തഞ്ചങ്കരി വ്യക്തമാക്കി.
1996 ജനുവരി മുതൽ 2018 ഒക്ടോബർ വരെയുള്ള കാലയളവിൽ പോലീസ് ചീഫ് സ്റ്റോറിൽ നിന്ന് എസ്.എ.പി ക്യാമ്പിലേക്ക് ലഭിച്ച വെടിയുണ്ടകളാണ് ക്രൈം ബ്രാഞ്ച് പരിശോധിച്ചത്. പരിശോധനയിൽ 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 12,061 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എ.കെ 47, സെൽഫ് ലോഡഡ് റൈഫിൾ, ഇൻസാസ് റൈഫിൾ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് നേരിട്ട് എണ്ണി തിട്ടപ്പെടുത്തിയത്. 95,629 കാലികെയ്‌സുകളും വെടിയുണ്ടകളും ക്രൈംബ്രാഞ്ച് പരിശോധനയ്ക്കായി ഹാജരാക്കി. സെൽഫ് ലോഡഡ് റൈഫിളിൽ ഉപയോഗിക്കുന്ന 8098 വെടിയുണ്ടകൾ കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുമ്പോൾ 3627 വെടിയുണ്ടകൾ മാത്രമാണ് കാണാതായതെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ പറയുന്നു. എ.കെ 47 തോക്കിന്റെ 1576 വെടിയുണ്ടകൾ നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയപ്പോൾ വെറും 9 എണ്ണം മാത്രമാണ് നഷ്ടമായതെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.ഇൻസാസ് റൈഫിളുകളുടെ കാര്യത്തിൽ 1415 വെടിയുണ്ടകൾ കാണാനില്ലെന്ന് സി.എ.ജി കണ്ടെത്തിയപ്പോൾ എല്ലാ കാട്രിഡ്ജുകളും ക്യാമ്പിലുണ്ടെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മറ്റ് കമ്പനികൾക്ക് നൽകിയ വെടിയുണ്ടകളുടെ കാര്യത്തിൽ കണക്കുകളുണ്ടെന്നും അത് വിശദമായി പരിശോധിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി