കൊച്ചി: കൊച്ചിൻ കാർണിവലിൽ അവതരിപ്പിക്കാനിരുന്ന നാടകത്തിന് വിലക്ക് ഏർപ്പെടുത്തി ആർഡിഒ. ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിനാണ് ഭാഗിക വിലക്ക്. നാടകത്തിൽ എവിടേയും ‘ഗവർണർ’ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര–സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി, വേഷം, മതപരമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണമെന്നാണ് ഫോർട്ട്കൊച്ചി ആർഡിഒയുടെ ഉത്തരവ്.
ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. നാട്ടക് കൊച്ചി മേഖല ഇന്ന് നടത്താനിരുന്ന നാടകമായിരുന്നു ഇത്. നാടകത്തിന്‍റെ പേര് മാറ്റണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടനാ പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന നാടകം എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഗവര്‍ണര്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ആണ് വിലക്ക് നോട്ടീസ് കിട്ടിയത്. അതേസമയം വിലക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.