‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ | VIDEO

Jaihind Webdesk
Tuesday, December 6, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോവളം എംഎല്‍എ എം വിന്‍സന്‍റ് എം.എല്‍.എ. സമരത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് സർക്കാരിന്‍റെ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്‍റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്ന് വിളിച്ചത് എന്തടിസ്ഥാനത്തിലാണെന്നും എം വിന്‍സന്‍റ് അടിയന്തരപ്രമേയ ചർച്ചയില്‍ ചോദിച്ചു.

എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്നും അവര്‍ രാജ്യദ്രോഹികളാണെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മന്ത്രിമാര്‍ ആരോപിച്ചതെന്ന് എം വിന്‍സന്‍റ് ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ വലിയതുറയിലെ സിമന്‍റ് ഗോഡൗണില്‍ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“2018 ലെ പ്രളയകാലത്ത് അമ്പതിനായിരം ജീവനുകളാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതെന്ന് സര്‍ക്കാര്‍ തന്നെ പറയുകയുണ്ടായി. കേരളത്തിന്‍റെ സ്വന്തം സൈന്യം അവരുടെ സങ്കടവുമായി വരുമ്പോള്‍ നിങ്ങള്‍ തീവ്രവാദികളാണ് രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് പറയാമോ? അവരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാന്‍ കഴിയുമോ എന്നല്ലേ നോക്കേണ്ടിയിരുന്നത്? നാലുവര്‍ഷമായി വലിയതുറയിലെ സിമന്‍റ് ഗോഡൗണില്‍ പത്തടി നീളവും വീതിയുമുള്ള ഇടത്ത് അഞ്ചും ആറും ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടുമല്ല നാലുവര്‍ഷമായി അവര്‍ അവിടെയാണ് കഴിയുന്നത്. മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനും പുതിയ കാറ് വാങ്ങാനും തത്രപ്പെട്ട് ഓടുന്ന മന്ത്രിമാരോട് ഒരുദിവസം അവിടെ കഴിയാനാകുമോ എന്ന് ചോദിക്കുകയാണ്” –  വിന്‍സന്‍റ് പറഞ്ഞു.

നാല് മഞ്ഞക്കല്ലെടുത്ത് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല വികസനം. യുഡിഎഫിന്‍റേത് ജനങ്ങളെ ചേർത്തുപിടിച്ചുള്ള വികസനമാണ്. അതാണ് യുഡിഎഫ് സർക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും എം വിന്‍സന്‍റ് കൂട്ടിച്ചേർത്തു.