ആലുവ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം പെരിയാറിലേക്ക് ഒഴുക്കിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നഗരസഭയും സ്റ്റാർട്ടപ്പ് കമ്പനിയും ചേർന്നെടുത്ത നടപടികൾ മാതൃകയായി. ലക്ഷങ്ങൾ പങ്കെടുത്ത ബലിതർപ്പണ ചടങ്ങുകൾക്കു ശേഷം പുഴയിലേക്ക് ഒഴുക്കിയ ഒന്നര ടണ്ണോളം മാലിന്യമാണ് ആദ്യ ദിനം തന്നെ പുഴയിൽ നിന്ന് നീക്കം ചെയ്തത്.
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ ശിവരാത്രി മണപുറത്ത് നടക്കുന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് ശേഷമുള്ള അവശിഷ്ടങ്ങൾ പുഴയിലേക്കൊഴുക്കുകയാണ് പതിവ്. ലക്ഷങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് ശേഷം പുഴയിലേക്കൊഴുക്കുന്ന ഒഴുക്കുന്ന ഇലയും അരിയും പൂവുമെല്ലാം സമീപ കടവുകളിലെല്ലാമടിഞ്ഞ് ചീഞ്ഞളിയും . ഇക്കുറി പുഴയിൽ അവശിഷ്ടങ്ങൾ പരക്കുന്നത് തടയാൻ പുഴയിലേക്കിറക്കി വേലി കെട്ടി നെറ്റടിച്ച് തിരിച്ചിരുന്നു. പിന്നീട് വഞ്ചിയിലെത്തി ഇവ കോരി മാറ്റി മണപുറത്ത് തന്നെയൊരുക്കിയ ബയോ ബിനുകളിലെത്തിച്ചാണ് സംസ്കരിക്കുന്നത്. ശിവരാത്രി യുടെ ആദ്യ ദിനം തന്നെ ഒന്നര ടണോളം ജൈവ മാലിന്യങ്ങളാണ് പുഴയിൽ നിന്ന് കോരി മാറ്റിയത്.
ആലുവ നഗരസഭയും റോബോബിൻ റോബോട്ടിക് എക്കോ സിസ്റ്റംസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും സഹകരിച്ചാണ് മാലിന്യ നിർമാർജന സംവിധാനമൊരുക്കിയത്. ശിവരാത്രി വ്യാപാര മേള നടക്കുന്ന മുഴുവൻ ദിവസങ്ങളിലും മണപ്പുറവും പെരിയാറും ഇവരുടെ നിരീക്ഷണത്തിലായിരിക്കും. ഇക്കുറി പുഴയിലെ വെള്ളം കുറഞ്ഞ് ഒഴുക്കും നിലച്ചതിനാൽ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടാൻ സാധ്യതയേറിയിരുന്നു. പ്രയാഗ് രാജിലവസാനിച്ച കുംഭമേളയിലെ ജലമലനീകരണത്തെ ചൊല്ലിയുള്ള വിവാദങ്ങളും നഗരസഭയെ കർശന നടപടികൾക്ക് പ്രേരിപ്പിച്ചു. ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്ന മറ്റിടങ്ങളിലും ഇത് മാതൃകയാക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.