കോടതി വിധി ദൗര്‍ഭാഗ്യകരം; ജനാധിപത്യ പ്രക്രിയയിലൂടെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലാത്തതിനാല്‍ വളഞ്ഞവഴി സ്വീകരിക്കുന്നു; കെ.സുധാകരന്‍ എംപി

ന്യൂഡല്‍ഹി: സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളുടെ അവസാന ആശ്രയമാണ്. അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാനനഷ്ടക്കേസില്‍ പരമാവധി നല്കാവുന്ന ശിക്ഷ 2 വര്‍ഷവും ഒരു പാര്‍ലമെന്‍റ്  അംഗത്തെ അയോഗ്യനാക്കാനുള്ള കുറഞ്ഞ ശിക്ഷ 2 വര്‍ഷവും ആണെന്നിരിക്കെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ഗൂഢമായ രാഷ്ട്രീയ അജന്‍ഡ കണ്ടെത്തിയാല്‍ കുറ്റം പറയാനാവില്ല. ജനാധിപത്യ പ്രക്രിയയിലൂടെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് അറിയാവുന്ന മോദിയും സംഘപരിവാര്‍ ശക്തികളും വളഞ്ഞവഴിയിലൂടെ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ  ജനദ്രോഹ,മുതലാളിത്ത,വര്‍ഗീയ നയങ്ങളെ നിര്‍ഭയമായി പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇടിമുഴക്കംപോലുള്ള സാന്നിധ്യം ഫാസിസ്റ്റ് ശക്തികളെ എത്രമാത്രം വെറളിപിടിപ്പിക്കുന്നെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനുള്ള ധൈര്യവും തന്‍റേടവുമില്ലാത്തിനാല്‍ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ്  സ്തംഭിപ്പിക്കുന്ന അതിവിചിത്രമായ നടപടികളാണ് ഇപ്പോള്‍ പാര്‍ലമെന്‍റില്‍ കാണുന്നത്.

മോദിയും ചങ്ങാത്ത മുതലാളിമാരും നടത്തുന്ന അഴിമതിയും ക്രമക്കേടും ചോദ്യം ചെയ്യുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി നിശബ്ദമാക്കുന്ന പ്രവണത രാജ്യത്ത് വളര്‍ന്നുവരുന്നു. മിക്ക പ്രതിപക്ഷകക്ഷിനേതാക്കളുടെ വീടുകളിലും ഓഫീസുകളിലും അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ സ്ഥിരതാമസമാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് തേര്‍വാഴ്ചയാണ് രാജ്യത്ത് കാണുന്നത്. ഫാസിസം ജനാധിപത്യത്തിന് മേല്‍ ആധിപത്യം നേടുന്നത് ഒട്ടും ഭൂഷണമല്ലെന്നും ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിയ്ക്കാന്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നയിക്കുന്ന പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും കെ സുധാകരന്‍ ആഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment