ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

Jaihind Webdesk
Wednesday, September 13, 2023

കോഴിക്കോട്: ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രോ വാസുവിനെ കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. കോഴിക്കോട് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയ കേസിലാണ് ഒന്നര മാസം മുൻപ് അദ്ദേഹത്തെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വെക്കാന്‍ വാസു തയ്യാറായിരുന്നില്ല. ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്‍റ് ചെയ്തത്
ഐപിസി 283, 143, 147 വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. വിഡിയോ കോൺഫറൻസ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു. ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടർന്ന് റിമാൻഡ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രോ വാസുവിനെ കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.കേസിന്റെ വാദം പൂർത്തിയായതായിരുന്നു.

കോഴിക്കോട്ടെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തെ ജയിലിൽ പോയി കണ്ടിരുന്നു.ഗ്രോ വാസുവിനെ ജയിലിൽ അടച്ച സർക്കാരാണ് പരിഹാസരാകുന്നതെന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
ഗ്രോ വാസുവിന്റെ നിലപാട് ഊർജം നൽകുന്നുവെന്നും അദ്ദേഹത്തിതിരെയുള്ളത് കള്ള കേസ് ആണെന്നും വി ഡി സസതീശൻ വുക്തമാക്കിയിട്ടുണ്ട്.പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയ ഗ്രോ വാസു തന്റെ വാദത്തിൽ ഉറച്ചു നിന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിധി വരാൻ കാരണമായത്.