സ്വാതന്ത്ര്യത്തിന്‍റെ വില ഒരിക്കലും മറക്കരുത്​ : രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, April 13, 2019

ജാലിയൻവാലാ ബാഗ്​ കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ ജാലിയൻവാലാ ബാഗ്​ സ്​മാരകത്തിൽ പുഷ്​പ ചക്രം അർപ്പിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി.

പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിനും മന്ത്രി നവ്​ജോത്​ സിങ്​ സിദ്ദുവി​നുമൊപ്പമാണ്​ രാഹുൽ എത്തിയത്​.
‘സ്വാതന്ത്ര്യത്തിൻെറ വില ഒരിക്കലും മറക്കരുത്​. സ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങൾക്കുള്ളതെല്ലാം നൽകിയ ഇന്ത്യയി​ലെ ജനങ്ങളെ ഞങ്ങൾ സല്യൂട്ട്​ ചെയ്യുന്നു. ജയ്​ ഹിന്ദ്​’ – എന്ന്​ സന്ദർശക പുസ്​തകത്തിൽ രാഹുൽ കുറിച്ചു.

“The cost of freedom must never ever be forgotten. We salute the people of India who gave everything they had for it. Jai Hind,” – Rahul Gandhi.

ജാലിയന്‍വാലബാഗ് കൂട്ടക്കൊല നടന്ന് നൂറ് വര്‍ഷം പിന്നിടുമ്പോള്‍ ആ ദിനത്തെ ലോകത്തെയാകെ ഞെട്ടിക്കുകയും ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്‍റെ ഗതി തന്നെ മാറ്റിമറിയ്ക്കുകയും ചെയ്ത ഭയാനകമായ ദിനം എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ ട്വിറ്ററില്‍ കുറിച്ചത്. സ്വാതന്ത്ര്യത്തിനായി നല്‍കേണ്ടിവന്ന വില ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

കുറ്റബോധത്തിന്‍റെ ഒരുകെട്ട് പൂക്കളുമായി ബ്രിട്ടീഷ് സ്ഥാനപതിയും ജാലിയന്‍വാലാബാഗില്‍ എത്തിയിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്ക്വിത് ആണ് രാവിലെ ജാലിയന്‍വാലാബാഗ് സ്മൃതി കുടീരത്തില്‍ എത്തിയത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയും ബ്രിട്ടനും ഇപ്പോഴും തുടരുന്ന നല്ല ബന്ധത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കഴിഞ്ഞ ദിവസം ബ്രിട്ടന്‍റെ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി തെരേസ മേ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് ഖേദപ്രകടനം മതിയാകില്ലെന്നും പ്രധാനമന്ത്രി തേരസാ മേ മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. തേരേസാ മേ സമ്പൂർണവും വ്യക്തവും സംശയങ്ങൾക്ക് ഇടനൽകാത്ത വിധവും മാപ്പ് പറയണം എന്നും തരൂർ ആവശ്യപ്പെട്ടു. ജാലിയൻ വാലാബാഗ് കൂട്ടകൊലപാതകത്തിന്‍റെ പ്രായശ്ചിത്തമായി ബ്രിട്ടൺ ഇനിയെങ്കിലും ഇന്ത്യയോട് മാപ്പ് ചോദിക്കണം എന്ന് ശശി തരൂർ 2016ൽ ആൻ ഇറാ ഓഫ് ഡാർക്ക്‌നസ് എന്ന തന്‍റെ പുസ്തകത്തിലൂടെയാണ് ഏറ്റവും ഒടുവിൽ ആവശ്യപ്പെട്ടത്.