പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധം ; മനുഷ്യാവകാശ ലംഘനമെന്നും ഉമ്മന്‍ ചാണ്ടി

മോദി സർക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. മതത്തിന്‍റെ പേരില്‍ പൗരത്വം നിർണയിക്കുന്ന നിയമം മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണെന്നും, ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് വേണ്ടിയുള്ള ചുവടുവെപ്പാണ് ഈ നിയമമെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്. മതത്തിന്‍റെ പേരിൽ പൗരത്വം നിർണയിക്കുന്ന ഈ നിയമം ഭരണഘടന നൽകുന്ന തുല്യാവകാശത്തെയും അതിലുപരി മനുഷ്യാവകാശത്തെയും ലംഘിക്കുന്നതുമാണ്. നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക്‌ വേണ്ടിയുള്ള നീക്കത്തിന്‍റെ പ്രധാന ചുവടുവെപ്പാണ്. മുത്തലാക്ക് ബില്ലും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയലും കഴിഞ്ഞു, പൗരത്വ നിയമത്തിലൂടെ ബി.ജെ.പി സർക്കാർ മതത്തിന്‍റെ പേരിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കുന്ന അജണ്ടയുടെ വേഗത കൂടിയിരിക്കുകയാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

1947-ൽ എങ്ങനെയാണ്, ഏത് ആശയത്തിന്‍റെ പേരിലാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും പാക്കിസ്ഥാൻ രൂപീകൃതമായതെന്നും നമുക്ക് അറിയാവുന്നതാണ്. മതത്തിന്‍റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ “നാനാത്വത്തിൽ ഏകത്വം” എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മൂടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ആശങ്കപ്പെടുകയാണ്. പാർലമെന്‍റിനുള്ളിൽ വിനാശകരമായ കുറെയേറെ ലക്ഷ്യങ്ങളും, അതിലേക്ക് എത്താനായി ഒരുകൂട്ടം നുണകളുമായാണ് ഭരണകക്ഷി പ്രവർത്തിക്കുന്നത്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും, രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണം.

oommen chandyCitizenship Amendment Bill (CAB)
Comments (0)
Add Comment