‘മുഖ്യമന്ത്രിക്ക് പണം എന്ന ചിന്ത മാത്രം; എല്ലാ മേഖലയിലും കൊള്ളയും ധൂർത്തും’: രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍ എംപി

Jaihind Webdesk
Monday, October 30, 2023

 

തിരുവനന്തപുരം: പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നടത്തുന്ന ജില്ലാ പര്യടനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക കൺവൻഷൻ തലസ്ഥാനത്ത് നടന്നു. സർക്കാരിനെതിരെ തുറന്ന വിമർശനമാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ഉയർത്തിയത്. എല്ലാ മേഖലയിലും കൊള്ള നടത്തുന്ന മുഖ്യമന്ത്രിക്കു പണം എന്ന ചിന്ത മാത്രമാണുള്ളതെന്ന് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിന്‍റെ ഭരണപരാജയവും അഴിമതിയും ഒന്നൊന്നായി തുറന്നു കാട്ടിയാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. സമസ്ത മേഖലയിലും പരാജയമായ സർക്കാർ കൊടിയ അഴിമതിയും ധൂർത്തും നടത്തുകയാണെന്നദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി അന്തർധാരയാണ് എല്ലാ മേഖലയിലും ഉള്ളത്. ഇതിലൂടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഈ ഇന്തർധാര വരുന്ന തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അതിനെ കോൺഗ്രസ് പ്രവർത്തകർ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർത്തി. യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, ഡിസിസി പോഷക സംഘടനാ ഭാരവാഹികൾ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രത്യേക കൺവൻഷനു നേതൃത്വം നൽകി. കൺവൻഷനു ശേഷം നേതാക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗം ചേർന്ന് സംഘടനാ വിഷയങ്ങളും പാർലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ മുതൽ ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ വരെ യോഗത്തിൽ പങ്കെടുത്തു.