കൊച്ചി: പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രിയ വര്‍ഗീസിന്‍റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പ്രതിപക്ഷം സ്വാഗതം ചെയ്യുന്നുവെന്നും വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരൊക്കെ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സര്‍വകലാശാലകളില്‍ പിന്‍വാതിലിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും സി.പി.എം തിരുകിക്കയറ്റുകയാണെന്നും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അധ്യാപക നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനങ്ങളൊക്കെ നടക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിന്‍റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ചട്ടങ്ങളെ കാറ്റിൽ പറത്തി ഇങ്ങനെ ചെയ്യാൻ നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.